ഹജ്ജ്


ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. സാമ്പത്തിക കഴിവും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിമും ജീവിതത്തില്‍ ഒരുപ്രാവശ്യമെങ്കിലും ഹജ്ജ് നിര്‍വഹിച്ചിരിക്കണം. ഹിജ്‌റഃ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യപകുതിയിലാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്.

പ്രവാചക പ്രമുഖനായ ഇബ്‌റാഹിം നബിയുടെ കാലം (ബി.സി 2000) മുതലേ ഹജ്ജ് കര്‍മം നിലവിലുണ്ട്. ഇബ്‌റാഹിം നബി കഅ്ബ പുനര്‍നിര്‍മിച്ച് ഹജ്ജിലേക്ക് ലോകജനതയെ ക്ഷണിച്ചതായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.
ഇബ്‌റാഹീമിനു നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്ത സന്ദര്‍ഭം: ഒന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന് നാം നിര്‍ദേശിച്ചു; ത്വവാഫ് ചെയ്യുന്നവര്‍ക്കും നിന്നു നമസ്‌കരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും വേണ്ടി എന്റെ ആ മന്ദിരം ശുദ്ധമാക്കിവെക്കണമെന്നും. തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും. (ഖുര്‍ആന്‍.22: 26-27).
മക്കയില്‍ ചെന്ന് കഅ്ബാമന്ദിരത്തെ ഏഴു പ്രാവശ്യം ചുറ്റുക, കഅ്ബഃക്കടുത്തുള്ള സ്വഫമര്‍വഃ കുന്നുകള്‍ക്കിടയില്‍ ഏഴുപ്രാവശ്യം നടക്കുക. ദുല്‍ഹിജ്ജഃ എട്ടാം നാള്‍ കഅ്ബഃയുടെ ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ ചെന്ന് താമസിക്കുക, ഒമ്പതാം നാള്‍ പകല്‍ അറഫഃമൈതാനത്ത് ചെന്നുനിന്ന് പ്രാര്‍ഥിക്കുക. അന്നു രാത്രി അറഫഃക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫഃ എന്ന സ്ഥലത്തു തങ്ങുക, പിറ്റേന്ന് മിനായിലേക്ക് മടങ്ങി വന്ന് ജംറകളില്‍ കല്ലെറിയുക, രണ്ടോമൂന്നോ നാള്‍ മിനായില്‍ തന്നെ താമസിക്കുകഅതിനിടക്ക് ബലി നടത്തുക. ഇതാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍.

No comments:

Post a Comment